ബൈബിളിലെ ആദ്യ ദൈവ സങ്കൽപം - എലോഹിം

ദൈവത്തെ ആരും തനിസ്വരൂപത്തിൽ കണ്ടിട്ടില്ല  എന്ന് ബൈബിളിൽ തന്നെ പറയുന്നു. ജീസസ് പോലും താൻ ദൈവത്തെ  കണ്ടു എന്ന്  നേരിട്ടു പറയുന്നില്ല. പകരം തന്നെ കാണുന്നവൻ തന്റെ പിതാവിനെ കാണുന്നു എന്നാണ് പറയുന്നത്. ദൈവത്തെ കാണുകയല്ല അനുഭവിക്കുകയാണ് വിശ്വാസികൾ ചെയ്യുന്നത്.

[ “ യേശു പറഞ്ഞു : ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയുണ്ടായിരുന്നിട്ടും പീലിപ്പോസെ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവൻ പിതാവിനെയും കാണുന്നു.”   (യോഹ 14 - 9)  ]

ഇങ്ങനെ കാണാതെ നമ്മൾ അനുഭവിക്കുന്ന പലതുമുണ്ട് , ഇന്റർനെറ്റ്, വൈഫൈ, എന്നിങ്ങനെ. ചിന്തകൾ കാണാൻ പറ്റാത്തത് കൊണ്ട്, മറ്റൊരാൾക്കു  പെട്ടന്നു മനസിലാക്കാൻ പറ്റാത്തത്  കൊണ്ട് അതില്ല എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?  രാജ്യസ്‌നേഹവും പാർട്ടിക്കൂറും  പ്രേമവും സ്നേഹവും  അങ്ങനെ പലതും നമുക്ക് കാണാൻ പറ്റില്ല.

‘എലോഹിം’ എന്ന ദൈവങ്ങൾ തന്റെ ചിന്ത അഥവാ പ്രവർത്തി ആരംഭിച്ചപ്പോളാണ് പ്രപഞ്ചം ഉണ്ടായത്. ആകാശവും ഭൂമിയും എന്ന പദങ്ങൾ  വന്നത്  യൂണിവേഴ്‌സ് എന്ന സങ്കൽപം അന്നില്ലാതിരുന്നത് കൊണ്ടാണ്.

  മഹാവിസ്ഫോടനം ( ബിഗ് ബാംഗ് തിയറി) എന്ന് പറയുന്ന സയന്റിഫിക് തീയറിയുമായി ഇതിനു സാമ്യമുണ്ട്.  മഹാ വിസ്‌ഫോടനത്തിനു ശേഷം മാത്രമാണ് സമയം ഉണ്ടായത്, അതിനു ശേഷം മാത്രമാണ് വസ്തുക്കൾ അഥവാ ദ്രവ്യം ഉണ്ടായത്. നീളവും വീതിയും ഉയരവും, സമയവും ഒരുമിച്ചുണ്ടായി. എന്നാൽ ( Energy),  ഊർജ്ജം അതിനു മുൻപേ ഉണ്ടായിരുന്നു. 

ദൈവത്തിന്റെ പ്രവർത്തിയുടെയും  സമയവും തുടങ്ങുന്നത് സൃഷ്ടിയോടെയാണ്. 

എന്നാൽ ദൈവം അതിനു മുൻപേ ഉണ്ടായിരുന്നു. ‘സർവശക്തനായ, സർവ ശക്തിയായ ദൈവം (The whole energy of the universe).

മനുഷ്യർ നാടോടികളായി ജീവിച്ചിരുന്ന കാലത്തു ദൈവത്തെ (പ്രപഞ്ച ശക്തിയെ)  ഇങ്ങനെയൊക്കെ  അവതരിപ്പിച്ചു തങ്ങളുടെ  അറിയാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യന് കഴിഞ്ഞത് നിസാരകാര്യമാണോ?

‘എലോഹിം’ എന്ന ദൈവത്തെ കഠിനാധ്വാനിയായ ഒരു മനുഷ്യനെ പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്.  

 തന്റെ പ്രവൃത്തിയെ മാറിനിന്നു ആസ്വദിച്ച് അതിനെ വിലയിരുത്തുന്ന ഒരു കലാകാരനെ പോലെയോ തന്റെ വിളകളെ സ്നേഹിക്കുന്ന ഒരു കർഷകനെ പോലെയോ തന്റെ ആട്ടിൻകൂട്ടത്തെ  സ്നേഹിക്കുന്ന ഒരു ആട്ടിടയനെ പോലെയോ  ഓരോരുത്തരുടെയും അറിവും അടുപ്പവും അനുസരിച്ചു  മനസ്സിൽ കാണാൻ പറ്റുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ ദൈവത്തിനു ഒരു റൂഹാ (ആത്മാവ്) ഉണ്ടായിരുന്നു എന്നും അത്  വെള്ളത്തിന് മീതെ അലയടിച്ചിരുന്നു എന്നും പറയുന്നുണ്ട്. വെള്ളമില്ലാതെ നിലനിൽക്കുന്ന ഒരു ജീവനും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നുമോർക്കണം.  

‘എലോഹിം’ എന്ന ദൈവത്തിനു മനുഷ്യനുമായുള്ള ബന്ധം 

തലമുറ തലമുറകളായി പ്രപഞ്ച സൃഷ്ടിയെപ്പറ്റി പല കഥകളും മധ്യപൂർവ ദേശത്തു പ്രചരിച്ചിരുന്നു.  അവ തമ്മിൽ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. ഈ രണ്ടു കൂട്ടരെയും തൃപ്‌തിപ്പെടുത്താനാണ്  ഉല്പത്തി  അധ്യായം ഒന്നിലും  അധ്യായം രണ്ടിലും മനുഷ്യന്റെ ആവിർഭാവത്തെ പറ്റി രണ്ടു കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.  

ദൈവം തന്റെ ( തങ്ങളുടെ ) ഛായയിൽ  മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്നു.  ദൈവത്തിന്റെ ഫോട്ടോ അല്ലെങ്കിൽ  രൂപം ആണ് മനുഷ്യന്. അതായത്   ഓരോരുത്തരും ദൈവത്തെ കാണണമെങ്കിൽ മറ്റൊരു മനുഷ്യനെ നോക്കണം. അന്ന് കണ്ണാടി കണ്ടുപിടിച്ചിരുന്നില്ല. ദൈവത്തെ സ്നേഹിക്കണമെങ്കിൽ മറ്റൊരു മനുഷ്യനെ സ്നേഹിക്കണം. 

 [ “അങ്ങനെ ദൈവം തൻ്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.”   (ഉല്പ 1 : 27)   ]

മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്ന് പറഞ്ഞതുകൊണ്ട് ദൈവം ആണും പെണ്ണുമല്ല. ദൈവത്തിനു ലിംഗഭേദമില്ല.

  ഛായ എന്ന് പറഞ്ഞത് കൊണ്ട്  മനുഷ്യന് എന്തൊക്കെയോ  കുറവുണ്ട്,  ഒറിജിനൽ ദൈവങ്ങളെക്കാൾ എന്ന് മനസിലാകുന്നു. ഈ കുറവുകളിൽ ചിലത് എന്തൊക്കെയായിരുന്നുവെന്ന്  ഉല്പത്തി 3 :22  പറയുന്നൂ. അവനു നന്മ തിന്മകളെ പറ്റി  അറിയില്ലായിരുന്നു. അവനു മരണമുണ്ടായിരുന്നു. (22 അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്‍മയും തിന്‍മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്.)

ദൈവം സൃഷ്ടിച്ച മനുഷ്യൻ മരണമുള്ള, നന്മ തിന്മകളെ പറ്റി  അറിവില്ലാത്ത,   വസ്ത്രം ധരിക്കാത്ത മറ്റൊരു മൃഗമായിരുന്നു. 

മനുഷ്യൻ  മൃഗങ്ങളിൽ നിന്ന് പരിണമിച്ചു വന്നു എന്ന് പരിണാമ സിദ്ധാന്തവും പറയുന്നു.

എന്നാൽ വെറുമൊരു മൃഗമാണോ മനുഷ്യൻ ? അവന് മൃഗങ്ങളെക്കാൾ എന്തോ  കൂടുതലില്ലേ ?  ഉണ്ടോ ? 

ഒരു മനുഷ്യകുഞ്ഞ്  അതിന്റെ മാതാപിതാക്കളിൽ നിന്നും മറ്റു മനുഷ്യരിൽ  നിന്നും   വേർപെട്ടു വനത്തിൽ വളരുകയാണെങ്കിൽ അതിനു എന്തൊക്കെ അറിയാമോ അതെല്ലാം ദൈവം തന്നതാണ്. എന്തൊക്കെ ഇല്ലാതിരിക്കുമോ അതെല്ലാം മനുഷ്യൻ ആർജിച്ചെടുത്തതാണ്, തലമുറ തലമുറയായി അവനായിട്ട് അവന്റെ സന്തതി പരമ്പരകളെ പഠിപ്പിച്ചെടുക്കുന്നതാണ്.

ആ കുട്ടി  വനത്തിൽ   വളർന്നു വരുമ്പോൾ അവനു ദൈവം ഉണ്ടാകുമോ, അവന്  തെറ്റും ശരിയും ഉണ്ടാവുമോ, അതിനു പാപബോധം  ഉണ്ടാകുമോ ? അവനു ഭാഷ ഉണ്ടാകുമോ, അവനു സ്നേഹം ഉണ്ടാകുമോ ? അവൻ രണ്ടു കാലിൽ നിവർന്നു നിൽക്കുമോ ?  ചെന്നായ് വളർത്തിയ കുട്ടി കൈകൾ കൂടി ഉപയോഗിച്ച് നാൽക്കാലി പോലെയാണ് നടന്നിരുന്നത്.

   ഉല്പത്തി 2:7 ഇൽ പറയുന്നു ‘എലോഹിം’ എന്ന ദൈവം ഭൂമിയിൽ പൊടിമണ്ണ് കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി,  ജീവന്റെ  ശ്വാസം അവന്റെ നാസാരന്ദ്രങ്ങളിലേക്കു നിശ്വസിക്കുകയും അങ്ങനെ അവൻ ജീവനുള്ളവനായി തീർന്നു. എന്താണ്  ഈ  ശ്വാസം മുഖേന മനുഷ്യന് ലഭിച്ച, മറ്റു മൃഗങ്ങക്കില്ലാത്ത ജീവൻ ?

അതറിയണമെങ്കിൽ എന്താണ്  ഈ ജീവന്റെ മരണം എന്നറിയണം.

  ഉല്പത്തി 2 : 17 ഇൽ ദൈവം പറയുന്നു നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ; നിന്നുള്ള ഫലം നീ തിന്നരുത്.  തിന്നാൽ  നീ മരിക്കും. മരിക്കും എന്നതിന് വേർപാട് എന്നും അർത്ഥമുണ്ട്. 

എന്നാൽ അത് തിന്നത് കൊണ്ട് അവൻ മരിച്ചില്ല എന്നാൽ അവന്റെ (ഉൾ )കണ്ണുകൾ തുറന്നു, അവനു കുറ്റബോധം ഉണ്ടായി. ദൈവത്തിൽ  നിന്ന്  അകന്നു. അവൻ ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു. 

   കുറ്റബോധം നൽകുന്ന ഈ അറിവാണ് പാപം. അറിവില്ലാത്തവന് പാപമില്ല. നൻമയും തിന്മയും തിരിച്ചറിയാത്തവന് പാപമില്ല. കുഞ്ഞുങ്ങൾക്കും  തിരിച്ചറിവില്ലാത്തവർക്കും, മാനസിക രോഗികൾക്കും മറ്റു ജീവജാലങ്ങൾക്കും   പാപമില്ല അല്ലെങ്കിൽ അവർ ചെയ്യുന്നത് കുറ്റകരമല്ല. 

തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന വിശേഷ ബുദ്ധിയാണ് ദൈവം നമുക്ക് തന്റെ ജീവശ്വാസത്തിലൂടെ തന്നത്. ഈ ബുദ്ധി ഉപയോഗിച്ചാണ് മനുഷ്യൻ ശരിതെറ്റുകളെ  തിരിച്ചറിയുന്നത്. ദൈവത്തിൽ  നിന്ന് നമ്മെ അകറ്റുന്ന  പ്രവൃത്തി (ആ  പ്രത്യേക  പഴം പറിച്ചു തിന്നുന്നത് എന്ന് ബൈബിൾ കഥയിൽ  )  എന്തോ അതാണ് പാപം.

 സ്വമനസാലെ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും ഒരു ആസ്വാദ്യത (സുഖം) ഉണ്ട്. 

എന്നാൽ   (പ്രലോഭനം) (സർപ്പം) തെറ്റായ പ്രവൃത്തി ചെയ്യുമ്പോൾ  സുഖാസ്വാദനം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അതിന്റെ യഥാർത്ഥ  പരിണിതഫലം മറച്ചു  വയ്ക്കുന്നു. 

എന്താണ് ഏദൻ തോട്ടം ?

ഏദൻ തോട്ടത്തിൽ മനുഷ്യന് വേണ്ടത് എല്ലാമുണ്ടായിരുന്നു. അവിടെയാണ് ദൈവം ഉലാത്തിയിരുന്നത്, അവിടെ തന്നെയാണ് ദൈവം സൃഷ്ടിച്ച സർപ്പവും ഉണ്ടായിരുന്നത്. ദൈവം ഒരു മനുഷ്യന്  എത്താകനിയായിട്ടല്ല  അറിവ് വച്ചത്.   എന്നാൽ അത് അവനു വെറുതെ ലഭ്യമായിരുന്നില്ല. അവനിൽ അറിവ് നേടണം എന്നതിന്റെ പ്രചോദനം എന്തോ അതാണ് സർപ്പത്തിന്റെ പ്രലോഭനം. 

ഏതാണ് ഈ അറിവിന്റെ വൃക്ഷം 

അതറിയണമെങ്കിൽ അതിന്റെ പഴം കഴിച്ചതിന് ശേഷമുള്ള എഫ്ഫക്റ്റ് നോക്കണം. അവന്റെ കണ്ണ് തുറന്നു . ദൈവം അവനെ അന്ധനായിട്ടല്ല സൃഷ്ടിച്ചിരുന്നത്. അവൻ ഇന്നുവരെയും എല്ലാം കാണുന്നുണ്ടായിരുന്നു. എന്നാൽ താൻ നഗ്നനാണെന്ന് അവനു ബോധ്യമുണ്ടായിരുന്നില്ല. അവനു കുറ്റബോധം ഉണ്ടായിരുന്നില്ല. അവന്  ദൈവത്തിൽ നിന്ന് ഓടിയൊളിക്കേണ്ടി വന്നിട്ടില്ല. അവനു ദൈവത്തെ ഭയമുണ്ടായിരുന്നില്ല. അവൻ ദൈവത്തോട് കൂടിയായിരുന്നു. 

തോറ ( Torah ) 

വേദപുസ്തകത്തിലെ ആദ്യത്തെ 5 പുസ്തകങ്ങളെ  (ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യാ, ആവർത്തന പുസ്തകം) എബ്രായ ഭാഷയില്‍  തോറ ( Torah ) എന്ന് വിളിക്കുന്നു.

 തോറ എന്ന വാക്കിന്റെ അർത്ഥം “നിർദ്ദേശം” എന്നാണ്.

 ഈ ലോകത്തിലെ ജീവിതത്തിനു വേണ്ട മാർഗ്ഗ നിർദേശങ്ങൾ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. പുതിയ നിയമത്തിൽ പലയിടത്തും ‘തിരുവെഴുത്ത്’ എന്ന് പറഞ്ഞിരിക്കുന്നത് തോറയെക്കുറിച്ചാണ്. 

ആധുനിക ബൈബിളില്‍ തോര്‍ആഃ  എന്ന വാക്ക്  ഇല്ല, പകരം ‘നിയമം’ എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്, ഇതു മനപൂര്‍വ്വം വരുത്തിയ ഒരു തിരുത്താണ്‌. എബ്രായ ഭാഷയില്‍ നിന്നും ഗ്രീക്കില്‍ പരിഭാഷപ്പെടുത്തിയപ്പോഴാണ്  ആദ്യം ഈ  തിരുത്തുണ്ടായത് കാരണം, സഭാധികാരികള്‍ യഹൂദന്മാരുമായി വേര്‍പെട്ടു നിന്നു, അവരുമായി ബന്ധം തോന്നിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു.

തോര്‍ആഃ  എന്ന വാക്കിന്റെ അർത്ഥം നിയമം എന്നല്ല  ‘പഠിപ്പിക്കലുകള്‍’ (Teachings ) എന്നാണ്. നിര്‍ഭാഗ്യവശാല്‍ പിൽകാലത്ത് യഹൂദന്മാരും തോര്‍ആഃ എന്ന വാക്കിന്   ‘നിയമം’ എന്ന് വ്യാഖ്യാനിച്ചു. മാത്രമല്ല, മനുഷ്യരാല്‍ എഴുതപ്പെട്ട നിയമങ്ങളെയും  തോര്‍ആഃ  എന്ന് വിളിച്ചു തുടങ്ങി.

Next 

ബൈബിളിൽ ദൈവത്തെ എങ്ങനെയൊക്കെയാണ് പ്രതിപാദിച്ചിരിക്കുന്നത്?  എല്ലാ ദൈവ (നാമ) ത്തിനും ഒരേ സ്വഭാവമാണോ?

 

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...