മാമ്മോദീസ സ്വീകരിച്ചവരുടെ കർത്തവ്യം ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നതാണ്. ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 8: 1-8,  യോഹന്നാൻ 6: 35-40 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“സുരക്ഷിതമല്ലാത്തപ്പോഴും മതപീഡനങ്ങളുടെ ഇടയിലും ക്രിസ്തുവിനെ വിളംബരം ചെയ്യാനുള്ള ധൈര്യമുണ്ടാകാൻ ക്രിസ്ത്യാനികളെ മാമ്മോദീസയുടെ ശക്തി പ്രേരിപ്പിക്കുന്നു. അപ്പസ്തോലന്മാരുടെ നടപടിഗ്രന്ഥത്തിൽ നിന്നുള്ള വേദവായനയിൽ നാം കാണുന്നത് ഇതാണ്: ജറുസലേമിലെ ആദിമക്രൈസ്തവ സമുദായം സമാധാനത്തിലും സ്നേഹത്തിലും ജീവിച്ചു വരികയായിരുന്നു.

എന്നാൽ സ്റ്റെഫാനോസിന്റെ  രക്തസാക്ഷിത്വത്തോടെ പെട്ടെന്ന് അക്രമാസക്തമായ  മതപീഡനം പൊട്ടിപ്പുറപ്പെട്ടു. സഭയുടെ ജീവിതവഴി ഇതാണ്: സ്നേഹത്തിന്റെ സമാധാനത്തിനിടയിലും പീഡനം. ചരിത്രത്തിൽ എന്നും സംഭവിക്കുന്നതും ഇതുതന്നെ. കാരണം അത് യേശുവിന്റെ  ശൈലിയാണ്. മതപീഡനം മൂലം പലരും യൂദയായുടെ പല ഭാഗങ്ങളിലേക്കും സമരിയായിലേക്കും ഓടിപോകുന്നു.

അവിടങ്ങളിൽ അവർ സുവിശേഷം പ്രഘോഷിക്കുന്നു. അവരുടെ കൂട്ടത്തിൽ അന്ന് പുരോഹിതന്മാരില്ലായിരുന്നു. കാരണം അപ്പസ്തോലന്മാർ ജെറുസലേമിൽ തന്നെ തങ്ങി. പുരോഹിതന്മാരില്ലാതെ   അല്മായർ സുവിശേഷം പ്രഘോഷിച്ചു. അവർ തങ്ങളുടെ ഭവനങ്ങളുപേക്ഷിച്ചു. ഒരുപക്ഷേ ഏറ്റവും അത്യാവശ്യമായ സംഗതികൾ അവർ എടുത്തിട്ടുണ്ടാകാം. സുരക്ഷിതത്വമില്ല.

എന്നിട്ടും പലസ്ഥലങ്ങളിൽ മാറിമാറി പോയി അവർ വചനം പ്രഘോഷിച്ചു. അവർ കൂടെ കൊണ്ടുപോയത് അവരുടെ സമ്പത്ത് മാത്രമാണ്. അവരുടെ വിശ്വാസം. അതെ. വിശ്വാസം മാത്രമായിരുന്നു അവരുടെ ധനം. കർത്താവ് അവർക്ക് നൽകിയ സമ്പത്ത്. അവർ സാധാരണക്കാരായ വിശ്വാസികളായിരുന്നു. ഒരുപക്ഷേ ഒരു വർഷം മുമ്പോ മറ്റൊ ജ്ഞാനസ്നാനം സ്വീകരിച്ചവർ.

എന്നിട്ടും പോകാനും സുവിശേഷം പ്രഘോഷിക്കാനും  അവർക്ക് ധൈര്യമുണ്ടായി. അവർ യേശുവിൽ വിശ്വസിച്ചു. അപ്പോൾ അവർ അത്ഭുതങ്ങൾ ചെയ്തു! ഈ ആദിമക്രൈസ്തവർക്ക്  മാമ്മോദീസയുടെ ശക്തിമാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അവർക്ക് സ്ലൈഹീക ധീരതയും ആത്മാവിന്റെ ശക്തിയും കൊടുത്തു.

ഞാൻ നമ്മെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാമ്മോദീസ സ്വീകരിച്ചവരെക്കുറിച്ച്. നമുക്ക് ഈ ശക്തിയും ധൈര്യവും ഉണ്ടോ?  ഞാൻ വീണ്ടും ചിന്തിച്ചു പോകുന്നു: നാം ഇതിൽ വിശ്വസിക്കുന്നുണ്ടോ? സുവിശേഷം പ്രഘോഷിക്കാൻ മാമോദിസ മാത്രം മതിയെന്ന് വിശ്വസിക്കുന്നുണ്ടോ?  അതോ, പള്ളീലച്ചൻ പറയട്ടെ, മെത്രാൻ സുവിശേഷം പ്രസംഗിക്കട്ടെ എന്ന് കരുതുകയാണോ?

നമ്മൾ എന്താണ് ചെയ്യേണ്ടത്? നാം എന്താണ് ചെയ്യുന്നത്?  മാമോദീസയിലെ കൃപാവരം മറകെട്ടി, ശീലയിട്ടു മറച്ചുവെച്ചിരിക്കുകയാണോ?   നമ്മുടെ ചിന്തകളുടെയും ഉൽക്കണ്ഠകളുടേയും പിന്നിൽ അതിനെ വേലികെട്ടി മറിച്ചിരിക്കുകയാണോ?  അല്ലെങ്കിൽ നാം ഇങ്ങനെ ചിന്തിക്കുന്നു: നാം ക്രിസ്ത്യാനികളാണ്. നാം മാമോദിസ സ്വീകരിച്ചിട്ടുണ്ട്. ഞാൻ സൈര്യലേപനം  സ്വീകരിച്ചിട്ടുണ്ട്. ഞാൻ ആദ്യകുർബാന സ്വീകരണം നടത്തിയിട്ടുണ്ട്.

അതിനാൽ ക്രിസ്ത്യാനി എന്ന തിരിച്ചറിയൽ കാർഡ് എന്റെ കയ്യിലുണ്ട്. അതിനാൽ സുഖമായി ആലസ്യംപൂണ്ട് ഉറങ്ങുക.   പക്ഷേ നിന്നെ മുന്നോട്ടു നയിക്കുന്ന ആത്മാവിന്റെ ശക്തി എവിടെ? നമ്മുടെ ജീവിതം, സാക്ഷ്യം, വചനം വഴി ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് നാം ആത്മാവിനോട് വിശ്വസ്തനായിരിക്കേണ്ടതില്ലേ?  നാം അങ്ങനെ ചെയ്യുമ്പോൾ സഭ അമ്മയായി മാറുന്നു.

കാരണം അപ്പോഴാണ് അവൾ മക്കളെ ഗർഭം ധരിക്കുന്നതും അവർക്ക് ജന്മം നൽകുന്നതും. കാരണം സഭയുടെ മക്കളായ നാം സാക്ഷ്യം വഹിക്കുന്നു. നാം അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സഭ അമ്മയാകുന്നില്ല. പ്രത്യുത  മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ നോക്കുന്ന ആയയെപോലെ സഭ അധഃപതിക്കുന്നു. ആയയുടെ ഒറ്റ വിചാരം കുഞ്ഞുങ്ങൾ പെട്ടെന്ന് ഉറങ്ങണമെന്നാണ്.

അങ്ങനെ അമിതലാളനയാൽ ചുണകെട്ട സഭയായി മാറുന്നു. നമുക്ക് നമ്മുടെ മാമോദിസയെ കുറിച്ച് ചിന്തിക്കാം.  മാമോദീസയിൽ നമുക്ക് ലഭിച്ച കർത്തവ്യത്തെകുറിച്ച് ചിന്തിക്കാം. പതിനേഴാം ശതകത്തിൽ ജപ്പാനിലുണ്ടായ മതപീഡനം നാം ഓർക്കുന്നു. കത്തോലിക്കാ മിഷണറിമാരെ അവർ പുറത്താക്കി. രണ്ടു   നൂറ്റാണ്ടോളം വൈദികരില്ലാതെ ക്രൈസ്തവ സമുദായം അവിടെ അവശേഷിച്ചു.

മിഷണറിമാർ തിരിച്ചെത്തിയപ്പോൾ കണ്ടതെന്താണ്?  എല്ലാ ക്രൈസ്തവ സമുദായങ്ങളും നിലനിൽക്കുന്നു. എല്ലാവരും മാമോദിസ സ്വീകരിച്ചിരിക്കുന്നു. എല്ലാവർക്കും  മതബോധനം കിട്ടിയിരിക്കുന്നു. എല്ലാവരും സഭാനിയമമനുസരിച്ച് വിവാഹിതരായിരിക്കുന്നു. മാമോദീസ സ്വീകരിച്ച അല്ലാമയരാണ്  എല്ലാത്തിനും കാരണമായത്. മാമോദീസ സ്വീകരിച്ച നമുക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ക്രിസ്തുവിനെ പ്രഘോഷിക്കുക.

സഭയെ മുന്നോട്ടു നയിക്കുക. ഇതാണ് സഭയുടെ ഫലദായകമായ മാതൃത്വം. ക്രൈസ്തവ വക്കീലോ  ക്രൈസ്തവ ഡോക്ടറോ ആയി ഒരു കാര്യാലയത്തിൽ ജോലിചെയ്യുന്നതല്ല ക്രിസ്ത്യാനിയാവുക   എന്നതിനർത്ഥം. അല്ല. ക്രിസ്ത്യാനിയാവുക എന്ന് പറഞ്ഞാൽ യേശുക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട്  ആത്മാവിന്റെ ശക്തിയാൽ മുന്നോട്ട് നയിക്കപ്പെടുക എന്നതാണ്. ആദിമസഭ അനുഭവിച്ച മതപീഡന കാലയളവിൽ, മറിയം ധാരാളം പ്രാർത്ഥിച്ചു.

ധീരതയോടെ മുന്നോട്ട് പോകാൻ മാമോദീസ സ്വീകരിച്ചവരെ  പ്രോത്സാഹിപ്പിച്ചു. ധീരതയുള്ള വിശ്വാസികളായി മാറാനുള്ള കൃപയ്ക്കായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം. തീർച്ചയായും ആത്മാവ് നമ്മിലുണ്ട്,  നാം ആത്മാവിനെ മാമോദീസയിൽ സ്വീകരിച്ചിരിക്കുന്നു. നമ്മുടെ ജീവിതംകൊണ്ടും സാക്ഷ്യംകൊണ്ടും വാക്കുകൾകൊണ്ടും യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ ആ ആത്മാവ് നമ്മെ  നിരന്തരം പ്രേരിപ്പിക്കുന്നു.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=bUxyR77UWwc&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=17 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...