യേശുവുമായുള്ള കൂടിക്കാഴ്ചയാണ് കുമ്പസാരം

2013 ഏപ്രിൽ ഇരുപത്തി ഒൻപതാം തീയതി പരിശുദ്ധ മാർപാപ്പ , നടപടി  14 : 5 - 18 , യോഹന്നാൻ  14 : 21 - 26 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം 

 

                എളിമയുള്ളവരുടെ സത്ഗുണമാണ് പാപത്തെക്കുറിച്ചു ലജ്ജിക്കുക . കാരണം , അത് ദൈവത്തിന്റെ ക്ഷമ സ്വീകരിക്കാൻ അവരെ ഒരുക്കുന്നു. “ദൈവം പ്രകാശമാണ്, അവനിൽ അന്ധകാരമില്ല” എന്നെഴുതിയിരിക്കുന്ന യോഹന്നാന്റെ ആദ്യ ലേഖനം “നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അന്ധകാരമുണ്ട്” എന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു . എല്ലാത്തിലും , നമ്മുടെ മനഃസാക്ഷിയിൽ പോലും ,അന്ധകാരമുണ്ട് . ഇതിനർത്ഥം നാം അന്ധകാരത്തിൽ നടക്കുന്നു എന്നല്ല .

 

                 നാം നമ്മിൽ തന്നെ സംതൃപ്തി കണ്ടെത്തുകയും നമ്മുക്ക് രക്ഷയുടെ ആവശ്യമില്ല എന്ന് വിചാരിക്കുകയും ചെയ്യുന്നതിനെയാണ് ‘അന്ധകാരത്തിൽ നടക്കുക’ എന്ന് പറയുന്നത് . അതാണ് അന്ധകാരം . 

 

                 അന്ധകാരത്തിന്റെ പാതയിൽ നടക്കാൻ തുടങ്ങിയാൽ ഒരു തിരിച്ചു പോക്ക് എളുപ്പമല്ല . ഇതുകൊണ്ടാണ് യോഹന്നാൻ ഇങ്ങനെ തുടർന്ന് പറയുന്നത് “നമ്മിൽ പാപം ഇല്ലെന്നു പറഞ്ഞാൽ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്” . നമ്മിൽ സത്യം ഇല്ല . നിങ്ങളുടെ പാപങ്ങളെ നോക്കുക . നമ്മുടെ പാപങ്ങളെ നോക്കുക നാം എല്ലാവരും പാപികളാണ് ,എല്ലാവരും ….ഇവിടെ നിന്നാണ് നാം തിരിയുന്നത് . നാം നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞാൽ , അവൻ വിശ്വസ്തനായതിനാൽ , അവന്റെ നീതിയിൽ അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ തിന്മകളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും .

 

                   നന്മയായ , വിശ്വസ്തനായ, നീതിയുള്ളവനാകയാൽ ക്ഷമിക്കുന്നവനായ കർത്താവിനെയാണ് അദ്ദേഹം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത് .അല്ലേ ? കർത്താവു നമ്മോടു ക്ഷമിക്കുമ്പോൾ അവൻ നീതി പ്രവർത്തിക്കുന്നു . തന്നോടുതന്നെ അവൻ നീതി ചെയ്യുന്നു . അതാണ് ആദ്യം . കാരണം , ക്ഷമിക്കാനും രക്ഷിക്കാനുമാണ് അവൻ വന്നത് .മക്കളോട് വാത്സല്യം കാണിക്കുന്ന പിതാവിനെപ്പോലെ നമ്മെ ക്ഷണിക്കാനും സ്വാഗതം ചെയ്യാനുമാണ് അവൻ വന്നത് . തന്നെ ഭയപ്പെടുന്നവർക്കു കർത്താവു വാത്സല്യമാണ് . വാത്സല്യമായതിനാൽ അവൻ എപ്പോഴും നമ്മെ മനസിലാക്കുന്നു . അവനിൽ നിന്ന് മാത്രം വരുന്ന സമാധാനം നമ്മുക്ക് നല്കാൻ അവൻ ആഗ്രഹിക്കുന്നു . 

 

                     നമ്മുടെ വസ്ത്രത്തിലെ അഴുക്കു കഴുകിക്കളയാൻ അലക്കുകാരന്റെ അടുക്കൽ പോകുന്നതു പോലെയാണ് കുമ്പസാരക്കൂടിനെ സമീപിക്കുന്നത് എന്ന് തോന്നിയാലും , വാസ്തവത്തിൽ ഇതാണ്  അനുരഞ്ജന കൂദാശയിൽ സംഭവിക്കുന്നത് : കുമ്പസാരക്കൂട്ടിലെ യേശു അലക്കുകാരനല്ല , യേശുവുമായുള്ള കൂടിക്കാഴ്ചയാണ് അവിടെ നടക്കുന്നത് . നമുക്കുവേണ്ടി കാത്തിരിക്കുന്ന , നാം ആയിരിക്കുന്നതുപോലെ നമ്മെ സ്വീകരിക്കാൻ കാത്തിരിക്കുന്ന യേശുവുമായുള്ള കൂടിക്കാഴ്ച . “പക്ഷെ കർത്താവേ ,കേട്ടാലും ഞാൻ ഇങ്ങനെയാണ് …..” സത്യം പറയാൻ  നമ്മുക്ക് ലജ്ജയണ് : “ ഞാൻ ഇത് ചെയ്തിട്ടുണ്ട് , ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് .” ലജ്ജ പക്ഷേ , ക്രൈസ്തവ പുണ്യമാണ്  .മാനുഷിക  പുണ്യവുമാണത് ….. നാണിക്കാൻ കഴിയുക മാനുഷികമാണ്. നിങ്ങൾ  ഇറ്റാലിയൻ ഭാഷയിൽ എന്താണ് പറയുക എന്നെനിക്കറിയില്ല  . ഞാൻ വരുന്ന സംസ്കൃതിയിൽ ലജ്ജിക്കാനറിയാത്തവനെ ‘നാണംകെട്ടവൻ’ എന്നാണ് വിളിക്കുക . തന്നെക്കുറിച്ചു ലജ്ജിക്കാനറിയാത്തവൻ നാണമില്ലാത്തവനാണ്. എളിമയുള്ള ഹൃദയത്തിന്റെ സദ്‌ഗുണമാണ് സ്വയം ലജ്ജിക്കാൻ കഴിയുക. വിനയമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പറഞ്ഞിട്ടുള്ള ഗുണമാണത് . 

 

                     നമ്മുക്ക് വിശ്വാസം വേണം . നാം പാപം ചെയ്യുമ്പോൾ നമുക്കുവേണ്ടി പിതാവിന് മുമ്പിൽ വാദിക്കാൻ നമ്മുക്കൊരാളുണ്ട് : നീതിമാനായ  യേശുക്രിസ്തു. അവൻ പിതാവിന് മുമ്പിൽ നമ്മെ പിന്താങ്ങി സംസാരിക്കുന്നു . നമ്മെ നീതിമത്കരിച്ചു സംസാരിക്കുന്നു . കാരണം , അവനു നമ്മുടെ ബലഹീനതകൾ അറിയാം . എന്നാൽ , നാം പാപികളാണ് എന്ന സത്യം അംഗീകരിച്ചു കൊണ്ട് നമ്മെത്തന്നെ കർത്താവിന്റെ കരങ്ങളിൽ എടുത്തുവയ്ക്കണം . വിശ്വാസത്തോടെ , ആശയ ബോധത്തോടെ , ആനന്ദത്തോടെ എടുത്തുവയ്ക്കണം . കപട വേഷത്തിൽ മറച്ചുവയ്ക്കാതെ , പാപികളാണെന്ന യാഥാർത്ഥ്യം    മറച്ചുവയ്ക്കാതെ എടുത്തുവയ്ക്കണം …..  ദൈവത്തിന് മുമ്പിൽ നമ്മൾ പ്രച്ഛന്ന വേഷം കെട്ടാൻ തുനിയരുത് ! ലജ്ജ ഒരു പുണ്യമാണ് .അനുഗ്രഹീത പുണ്യം ! ഈ ഗുണമാണ് യേശു നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്: എളിമയും ശാന്ത ശീലവും .  എളിമയും സൗമ്യതയും ക്രിസ്തീയ ജീവിതത്തിന്റെ മൂലക്കല്ലാണ് . എളിമയിലും ശാന്തശീലത്തിലുമാണ് ക്രിസ്ത്യാനി കുമ്പസാരക്കൂടിനെ സമീപിക്കുന്നത് . നമ്മോടു ക്ഷമിക്കാനായി യേശു അവിടെ കാത്തിരിക്കുന്നു . നമ്മുക്ക് അവനോട് ചോദ്യം ഉന്നയിക്കാം : 

 

                   കുമ്പസരിക്കാൻ പോകുന്നത് പീഡന ക്ലാസ്സിലേക്ക് പോകുന്നത് പോലെയല്ലേ ? അല്ല ! ദൈവത്തെ സ്തുതിക്കാനാണ് കുമ്പസാരക്കൂട്ടിൽ പോകുന്നത് . കാരണം , എന്നെ ,പാപിയായ എന്നെ അവൻ രക്ഷിച്ചിരിക്കുന്നു . അവൻ എന്നെ തല്ലാനാണോ കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്നത് ? അല്ല . വാത്സല്യത്തോടെ എന്നോട് ക്ഷമിക്കാൻ അവൻ കാത്തിരിക്കുന്നു . ഞാൻ നാളെ ഇതേ തെറ്റുകൾ ആവർത്തിച്ചാൽ…..?  വീണ്ടും കുമ്പസാരക്കൂട്ടിലേക്ക് പോവുക . പോവുക .പിന്നെയും പോവുക ….. അവൻ എപ്പോഴും നമ്മെ കാത്തിരിക്കുന്നു . ദൈവത്തിന്റെ ഈ വാത്സല്യം , ഈ എളിമ , ഈ സൗമ്യ ഭാവം ….. ദൈവത്തിലുള്ള ഈ ആശ്രയബോധമാണ് ശ്വസിക്കാൻ (ആശ്വസിക്കാൻ ) നമ്മെ സഹായിക്കുന്നത് .  കർത്താവ് ഈ കൃപ നമ്മുക്ക് നൽകട്ടെ . കാരണം , സത്യം പ്രകാശമാണ് . അർദ്ധ - സത്യത്തിന്റെ അന്ധകാരമോ നുണകളുടെ രാത്രിയോ  എന്റെ കൂടെ ഉണ്ടാകാതിരിക്കട്ടെ , ഞാൻ കർത്താവിനെ സമീപിക്കുമ്പോൾ , അവൻ ഈ കൃപ നമ്മുക്ക് നൽകട്ടെ .

 

for more details : https://www.youtube.com/watch?v=jSQ2q92UF94&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=26

Author : Jincy Saju

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...