ആളായിരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്നതാണ് യഥാർത്ഥ വിശ്വാസം. ഫ്രാൻസിസ് മാർപാപ്പ

2013 ഏപ്രിൽ പതിനെട്ടാം തീയതി പരിശുദ്ധ മാർപാപ്പ, നടപടി 8: 26-40, യോഹന്നാൻ 6: 44-51 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“യഥാർത്ഥത്തിൽ ആളായിരിക്കുന്ന യേശുവിനെ കണ്ടുമുട്ടുന്നതോടെ ആരംഭിക്കുന്ന വരദാനമാണ് വിശ്വാസം. യേശു യഥാർത്ഥ ആളാണ്, "പുറമേയ്ക്ക് ദിവ്യത പൂശിയ പനിനീരല്ല," " ദേവ പനിനീരല്ല" (jesus is a real person,  not a god-spray), വെറും ആൾദൈവമല്ല. തൊട്ടറിയാൻ കഴിയാത്ത സാന്നിധ്യമോ, ആരുമറിയാതെ ചുറ്റും വ്യാപിക്കുന്ന മൂടൽ വസ്തുവോ അല്ല അവൻ. ദൈവം മുർത്തമായ ആളാണ്. അവൻ പിതാവാണ്. അതിനാൽ തന്നെ അവനുമായി സജീവമായ ഒരു കൂടിക്കാഴ്ചയിൽ നിന്നാണ് തൊട്ടറിയാവുന്ന അനുഭവത്തിൽ നിന്നാണ്  വിശ്വാസം ജനിക്കുന്നത്.

യോഹന്നാന്റെ  സുവിശേഷത്തിൽ നിന്നുള്ള ഇന്നത്തെ വേദപാഠത്തിൽ നാം കാണുന്നത് ഇങ്ങനെയാണ്: "വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്" എന്ന് യേശു ജനക്കൂട്ടത്തോട് പറയുന്നു. ഇത് നമുക്ക് ആത്മശോധനയുടെ വിഷയമാകണം. ഹൃദയാന്തരാളത്തിൽ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട് എന്ന് എത്ര പ്രാവശ്യമാണ് നാം കേൾക്കുന്നത്. എന്നാൽ,  ഏതുതരം ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത് എന്നതാണ് യഥാർത്ഥ ചോദ്യം. കാരണം, ചില വിശ്വാസങ്ങൾ ക്ഷണികമാണ്, അല്പായുസ്സ് മാത്രമുള്ളതാണ്.

യഥാർത്ഥ വിശ്വാസത്തിന്റെ മുർത്തഭാവത്തെ മുഖാഭിമുഖം കാണുമ്പോൾ അത് മാഞ്ഞുപോകുന്നു. 'ചിതറിയ ദൈവം,' "ദൈവത്തിന്റെ ഒരു ചീള്",  'ദേവ പനിനീർ', ദിവ്യത്വം കലർന്ന എന്തോ ഒന്ന്, ദിവ്യത്വത്തിന്റെ മണം പ്രസരിപ്പിക്കുന്ന എന്തോ ഒന്ന് - ഇങ്ങനെയുള്ള ദേവസങ്കല്പം എല്ലായിടത്തുമുണ്ട് (പ്രപഞ്ചത്തിനതീതമായ ഒരു ശക്തിയുണ്ട് എന്ന് പലരും വിശ്വസിക്കുന്നു അതാണ് "ദേവ പനിനീർ").

എന്നാൽ അതെന്താണെന്ന് ആർക്കുമറിയില്ല. നാം വിശ്വസിക്കുന്നത് അങ്ങനെയുള്ള ഒരു ദൈവത്തിലല്ല. നാം വിശ്വസിക്കുന്ന ദൈവം പിതാവാണ്,  പുത്രനാണ്, പരിശുദ്ധാത്മാവാണ്. നാം ആളുകളിൽ വിശ്വസിക്കുന്നു. നാം ദൈവത്തോട് സംസാരിക്കുമ്പോൾ ആളുകളോട് സംസാരിക്കുന്നു. ഒന്നുകിൽ ഞാൻ പിതാവിനോട് സംസാരിക്കുന്നു. അല്ലെങ്കിൽ പുത്രനോട് സംസാരിക്കുന്നു. അതുമല്ലെങ്കിൽ പരിശുദ്ധാത്മാവിനോട് സംസാരിക്കുന്നു. ഇതാണ് വിശ്വാസം.

സുവിശേഷപാഠത്തിൽ യേശു വ്യക്തമാക്കുന്നു, "പിതാവ് ആകർഷിച്ചാലല്ലാതെ ആർക്കും യേശുവിന്റെ അടുക്കൽ വരാൻ കഴിയുകയില്ല. യേശുവിന്റെ  പക്കൽ പോകുന്നതും, യേശുവിനെ കണ്ടെത്തുന്നതും, യേശുവിനെ അറിയുന്നതും, ദൈവം നമ്മുടെമേൽ വർഷിക്കുന്ന ഒരു വരദാനമാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു. അപ്പസ്തോലന്മാരുടെ നടപടീഗ്രന്ഥത്തിൽ കാണുന്നതുപോലെ,   എത്യോപ്യായിലെ രാജ്ഞിയുടെ ഉദ്യോഗസ്ഥന് നൽകപ്പെട്ട വരദാനം പോലെയാണത്. ക്രിസ്തു ഫീലിപ്പോസിനെ അയാളുടെ അടുക്കലേക്ക് അയച്ച് തിരുവുത്ഥാനത്തിന്റെ വെളിച്ചത്തിൽ പഴയനിയമം വ്യാഖ്യാനിച്ചു.

അപ്പോൾ അയാൾക്ക് ദൈവത്തിന്റെ വരദാനം ലഭിച്ചു. ആ ഉദ്യോഗസ്ഥൻ സാധാരണക്കാരനായിരുന്നില്ല. രാജ്ഞിയുടെ  സാമ്പത്തിക കാര്യങ്ങളുടെ തലവനായിരുന്നു. ധനകാര്യവകുപ്പ് മന്ത്രിയായിരുന്നു. അതിനാൽ തന്നെ പണത്തോട് അടുപ്പമുള്ള വ്യക്തിയായിരുന്നു അയാൾ എന്ന് നമുക്ക് ഊഹിക്കാം. സ്വന്തം ജീവിതത്തെ  ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്ന വ്യക്തി. എന്നിട്ടും ഫീലിപ്പോസ് യേശുവിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ ഇതാണ് സദ്വാർത്ത എന്ന് അയാൾക്ക് തോന്നി.

അയാൾക്ക് സന്തോഷം അനുഭവപ്പെട്ടു. വെള്ളം കണ്ട ആദ്യസ്ഥലത്ത് വെച്ച്തന്നെ ജ്ഞാനസ്നാനം സ്വീകരിക്കാൻ  തക്കവിധം അത്രയധികമായിരുന്നു ആ ആനന്ദം. വിശ്വാസമുള്ളവന് നിത്യജീവനുണ്ട്. അവന് ജീവനുണ്ട്. എങ്കിലും വിശ്വാസം ഒരു വരദാനമാണ്. പിതാവാണ്  ആ ദാനം നമുക്ക് നൽകുന്നത്. നാം ഈ പാതയിൽ നിൽക്കണം. നാം ഈ പാതയിൽനിന്ന് വ്യതിചലിച്ചാൽ, നാം നമ്മുടെ സ്വന്തം കാര്യവുമായി നടന്നാൽ, നാം കർത്താവിനോട് മാപ്പ് ചോദിക്കണം. വാസ്തവത്തിൽ നാം എല്ലാവരും പാപികളാണ്. നല്ലതല്ലാത്ത പല കാര്യങ്ങളും നമ്മിലുണ്ട്. അങ്ങനെ നാം യഥാർത്ഥ പാതയിൽനിന്ന് തെന്നിമാറുന്നു.

അപ്പോൾ നാം മാപ്പ് ചോദിച്ചാൽ, കർത്താവ് നമ്മോട് പൊറുക്കും. നിരുന്മേഷരാകാതെ  മുന്നോട്ടുതന്നെ പ്രയാണം ചെയ്യുക. ആ പാതയിലൂടെ നാം സഞ്ചരിച്ചാൽ ആ ധനകാര്യ മന്ത്രിക്ക് സംഭവിച്ചത് നമുക്കും സംഭവിക്കും. വിശ്വാസം കണ്ടെത്തിയപ്പോൾ എന്താണ് ധനകാര്യ വകുപ്പ് മന്ത്രിക്ക് സംഭവിച്ചത്?  അപ്പസ്തോല നടപടി പറയുന്നു: സന്തോഷഭരിതനായി ആനന്ദിച്ചുകൊണ്ട് അയാൾ യാത്ര തുടർന്നു." വിശ്വാസത്തിന്റെ ആനന്ദമാണ് ഇത്. യേശുവിനെ കണ്ടെത്തിയതിലുള്ള ആനന്ദം. യേശുവിന് മാത്രം നൽകാൻ കഴിയുന്ന ആനന്ദം. സമാധാനം നൽകുന്ന ആനന്ദം.

ലോകം തരുന്നതല്ല യേശു തരുന്നത്. അതാണ് നമ്മുടെ വിശ്വാസം. ഈ  വിശ്വാസത്തിൽ വളരാൻ നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം. നമ്മെ ശക്തരാക്കുന്ന  ഈ വിശ്വാസം, നമ്മെ സന്തോഷഭരിതരാക്കുന്ന ഈ വിശ്വാസം. യേശുവുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിശ്വാസം നാമ്പടുക്കുന്നു. അനുദിനം യേശുവിനെ സന്ധിക്കുമ്പോൾ അത് തുടരുന്നു,  വളരുന്നു.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=XQGRZ6jpHhQ&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=18 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...