ജീവിത വിജയത്തിലേക്ക് പ്രവേശിക്കാനുള്ള ഏക കവാടം യേശു മാത്രമാണ്. ഫ്രാൻസിസ് മാർപാപ്പ

2013 ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി പരിശുദ്ധ മാർപാപ്പ, നടപടി 11: 1-18, യോഹന്നാൻ 10: 1-10 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“നല്ല ഇടയനെക്കുറിച്ചുള്ള  സുവിശേഷപാഠം, "ഞാൻ ആടുകൾക്ക് വാതിലാണ്" എന്ന് യേശു സ്വയം വിശേഷിപ്പിക്കുന്ന വേദപാഠം,  ഇന്നത്തെ വിചിന്തനത്തിന്റെ കേന്ദ്രവീചിയാണ്. വാതിലിലൂടെയല്ലാതെ ആട്ടിൻകൂട്ടത്തിലേക്ക് പ്രവേശിക്കുന്നവൻ  ഇടയനല്ല എന്നു യേശു ഈ സുവിശേഷ ഭാഗത്ത് പറയുന്നു. ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള, സഭയിലേക്ക് പ്രവേശിക്കാനുള്ള, ഏക കവാടം യേശു തന്നെയാണ്: "ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെയല്ലാതെ മറ്റ് വഴിക്ക്  കയറിക്കൂടുന്നവൻ കള്ളനും കവർച്ചക്കാരനുമാണ്". തനിക്ക് ലാഭമുണ്ടാക്കണം എന്നല്ലാതെ മറ്റൊരുചിന്ത അവനില്ല.

അവൻ മുകളിലേക്ക് കയറി പോകാൻ മാത്രം,  എങ്ങനെയെങ്കിലും കയറിക്കൂടാൻ മാത്രം ആഗ്രഹിക്കുന്നവനാണ്. ക്രിസ്തീയ സമുദായങ്ങളിലും ഇങ്ങനെയുള്ള കയറ്റക്കാരുണ്ട്. ശരിയല്ലേ?  തങ്ങളുടെ നേട്ടം മാത്രം നോക്കുന്നവർ. ഉന്നതമായ പദവിക്കുവേണ്ടി പരക്കം പായുന്നവർ. ബോധപൂർവ്വമായോ അല്ലാതെയോ പ്രവേശിക്കാൻ ശ്രമിക്കുന്നു. അവർ കള്ളന്മാരും കൊള്ളക്കാരുമാണ്. എന്തുകൊണ്ട്? അവർ യേശുവിൽ നിന്ന് മഹത്വം മോഷ്ടിക്കുന്നു. സ്വന്തം മഹത്വമാണ് അവർ തേടുന്നത്. ഇതുതന്നെയാണ് യേശു  ഫരിസേയരോട് പറഞ്ഞത്: നിങ്ങൾ പരസ്പരം മഹത്വം കൊടുക്കുന്നു.. നീ എന്നെ മഹത്വപ്പെടുത്തുക, ഞാൻ നിന്നെ മഹത്വപ്പെടുത്താം.

പരസ്പരം പ്രതിഫലം കൊടുക്കുന്ന ഒരുതരം മതം. അല്ലെ?  അവർ ശരിയായ വാതിലിലൂടെയല്ല പ്രവേശിച്ചത്. യേശുവാണ് വാതിൽ. ഈ വാതിലിലൂടെയല്ലാതെ പ്രവേശിച്ചവരെല്ലാം തെറ്റിലാണ്. യേശുവാണ്  യഥാർത്ഥ കവാടമെന്ന് ഞാൻ എങ്ങനെ അറിയും? ഈ വാതിൽ യേശുവിന്റെ വാതിലാണെന്ന് ഞാൻ എങ്ങനെ അറിയും? സുവിശേഷഭാഗ്യങ്ങളെടുക്കുക, അവ എന്താണ് പറയുന്നതെന്ന് ഗ്രഹിക്കുക. എളിമയുള്ളവരായിരിക്കുക, ദരിദ്രരായിരിക്കുക,  ശാന്തശീലരായിരിക്കുക, നീതിയുള്ളവരായിരിക്കുക. യേശു വാതിൽ മാത്രമല്ല വഴിയുമാണ്. അവനാണ് പാത. പലപാതകളുണ്ട്. ചില പാതയിലൂടെ പോയാൽ വേഗം അവിടെ എത്താമെന്ന പ്രതീതിയുണർത്തുന്നു.

എന്നാൽ അവയെല്ലാം മായക്കാഴ്ചകളാണ്,  മോഹിപ്പിക്കുന്നെങ്കിലും യഥാർത്ഥ്യമാക്കില്ല. അവ  സത്യമല്ല. അവ വ്യാജമാണ്. ഏകവഴി യേശുവാണ്. എന്നാൽ നിങ്ങളിൽ ചിലർ പറഞ്ഞേക്കാം: പരിശുദ്ധ പിതാവേ, അങ്ങ് മതമൗലികവാദിയാണ്! അല്ല. യേശു വളരെ ലളിതമായി പറഞ്ഞു,  ജീവൻ നൽകാൻ കഴിവുള്ള "ഞാനാണ് വാതിൽ, " "ഞാനാണ് വഴി". ഇത്രമാത്രം. അത് സുന്ദരമായ വാതിലാണ്. സ്നേഹത്തിന്റെ വാതിൽ. ചതിക്കാത്ത വാതിൽ. വ്യാജമല്ലാത്ത കവാടം. സത്യം മാത്രമാണ് അതെപ്പോഴും അന്വേഷിക്കുന്നത്.  എങ്കിലും അത് വാൽസല്യത്തോടെയാണ്, സ്നേഹത്തോടെയാണ് സത്യം അന്വേഷിക്കുന്നത്. ഉദ്ഭവപാപത്തിൽ സന്നിഹിതനായിരുന്ന ആ ചിന്ത സംഗതി നമ്മിൽ എപ്പോഴുമുണ്ട്. ഇല്ലേ?

എല്ലാ വ്യാഖ്യാനത്തിന്റെയും  കുത്തകാവകാശം നൽകുന്ന താക്കോൽ നമുക്ക് വേണം. നമ്മുടെ സ്വന്തമായ പാത,  അതെന്തുമാകട്ടെ, വെട്ടിയുണ്ടാക്കാനുള്ള താക്കോലും അധികാരവും നമുക്ക് വേണം. നമ്മുടെ സ്വന്തമായ പാതയിൽ കണ്ടെത്താൻ,  അതെന്തുമാകട്ടെ, അതിനുള്ള താക്കോൽ സ്ഥാനം നമുക്ക് വേണം. ദൈവത്തിന്റെ മക്കളും എളിയ സേവകരുമാകാൻ നമുക്ക് ഇഷ്ടമില്ല. നാം തന്നെ നമ്മുടെ യജമാനനാകുക എന്ന  പ്രലോഭനം നമ്മിലുണ്ട്. ദൈവരാജ്യത്തിലേക്ക് പ്രവേശനം തരപ്പെടുത്തുന്ന മറ്റു വാതിലുകളും ജനലുകളും തേടാനുള്ള പ്രലോഭനമാണിത്. യേശു എന്ന നാമധാരിയിലൂടെ മാത്രമാണ് നാം പ്രവേശിക്കുന്നത്.

യേശു എന്ന് വിളിക്കപ്പെടുന്ന വഴിയിലേക്ക് നയിക്കുന്ന കവാടം,  യേശു എന്ന് വിളിക്കപ്പെടുന്ന ജീവനിലേക്ക് നയിക്കുന്ന വാതിൽ - അതിലൂടെയാണ് നാം പ്രവേശിക്കുന്നത്. മറ്റെന്ത് ചെയ്യുന്നവരും ജനൽക്കൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കള്ളന്മാരും കവർച്ചക്കാരുമാണ്,  കർത്താവ് പറയുന്നു. കർത്താവ് വളരെ ലളിതമാണ്, അവൻ പറയുന്ന കാര്യങ്ങളും ലളിതമാണ്, സങ്കീർണ്ണമല്ല. എപ്പോഴും ആ വാതിലിൽ മുട്ടാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ചിലപ്പോൾ ആ വാതിൽ അടഞ്ഞു കിടക്കുന്നു. നാം ദുഃഖിതരാകുന്നു. നാം തകർന്നുപോകുന്നു. ആ വാതിലിൽ എപ്പോഴും മുട്ടിക്കൊണ്ടേയിരിക്കുക എന്ന ഗതികേടുണ്ടാകുന്നു. എങ്കിലും മറ്റു വാതിലുകൾ തേടിപോകരുത്.

അവ എളുപ്പമുള്ളവയാണെന്ന് തോന്നാം. സുഖമുള്ളതും ആശ്വാസമേകുന്നതും ആണെന്ന് തോന്നാം. അവ സമീപത്താണെന്ന് തോന്നാം. എന്നാൽ എപ്പോഴും യേശു എന്ന വാതിലിൽ മാത്രം മുട്ടുക.  യേശു നമ്മെ നിരാശരാക്കുകുകയില്ല. അവൻ നമ്മെ ചതിക്കുകയില്ല. അവൻ കള്ളനല്ല. അവൻ കവർച്ചക്കാരനല്ല. അവൻ എനിക്ക് വേണ്ടി ജീവൻ ഹോമിച്ചവനാണ്. നാം ഓരോരുത്തരും ഇങ്ങനെ പറയണം: "എനിക്ക് വേണ്ടി ജീവൻ ബലി കഴിച്ചവനേ,  എനിക്ക് അകത്തേക്ക് കടക്കാനായി വാതിൽ തുറന്നുതന്നാലും."”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=hv9SXs3Zad8&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=21 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS