ഞാൻ യേശുവിനെ അനുഗമിക്കുന്നത് എന്തുകൊണ്ട്?

ഞാൻ യേശുവിനെ അനുഗമിക്കുന്നത് എന്തുകൊണ്ട്?

(5 മെയ് 2014. വേദവായന: നടപടി 6:8-15; യോഹന്നാൻ 6:22-29)

അപ്പവും മീനും വർദ്ധിപ്പിച്ചു തങ്ങളുടെ വിശപ്പടക്കിയ യേശുവിനെ തേടി മറുകരയിലേക്കു പോകുന്ന ജനക്കൂട്ടം. നല്ലതല്ലാത്തതും ചിലപ്പോൾ ഹാനികരവുമായ മനോഭാവത്തോടെ ജീവിക്കുന്നതിന്റെ അപകടം ഈ ജനത്തോടു യേശു പങ്കുവയ്ക്കുന്നു. യേശു ചെയ്ത അദ്ഭുതത്തിൽ ജനം ആഹ്ലാദിച്ചു. യേശുവിനെ പിടിച്ചു രാജാവാക്കാൻപോലും അവർ തീരുമാനിച്ചു.

എന്നാൽ, യേശു എന്തു ചെയ്തു? അവൻ തനിയെ മലമുകളിലേക്കു പോയി, അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോൾ, ഹൃദയംകൊണ്ടു യേശുവിനെ അനുഗമിച്ചിരുന്ന ജനം, അവനെ സ്നേഹിച്ച ജനം, യേശു മറ്റൊരിടത്താണ് എന്നറിഞ്ഞ ജനം, അവനെ അന്വേഷിച്ച് ഇറങ്ങിത്തിരിച്ചു. ഈ ജനക്കൂട്ടത്തോടു യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണു നിങ്ങൾ എന്നെ അന്വേഷിക്കുന്നത്.

യേശുവിന്റെ വാക്കുകളുടെ ധ്വനി ഇതാണ്: നിങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടിയാണു നിങ്ങൾ എന്നെ അന്വേഷിക്കുന്നത്.

നാം ഇന്ന് ഇങ്ങനെ ചോദിക്കണം: ഞാൻ എന്തിനാണു യേശുവിനെ അന്വേഷിക്കുന്നത്? ഞാൻ എന്തുകൊണ്ടാണു യേശുവിനെ അനുഗമിക്കുന്നത്?

നാമെല്ലാവരും പാപികളാണ്. എല്ലാവരും. നാം യേശുവിനെ അനുഗമിക്കുന്ന വിധത്തിൽ ശുദ്ധീകരണം ആവശ്യമുള്ള ചില താൽപര്യങ്ങൾ നമുക്കുണ്ട്. അവന്റെപ്രതി, അവന്റെ സ്നേഹത്തെപ്രതി അവനെ അനുഗമിക്കാൻ നാം ആന്തരികമായി ചിലതൊക്കെ ചെയ്യാനുണ്ട്. തീർച്ചയായും, സുവിശേഷത്തിൽ നാം കാണുന്ന ആളുകൾ യേശുവിനെ സ്നേഹിച്ചിരുന്നു. സത്യമായും സ്നേഹിച്ചിരുന്നു. എങ്കിലും, ചില നേട്ടങ്ങളും അവരുടെ മനസ്സിലുണ്ടായിരുന്നു.

ഞാൻ യേശുവിനെ അനുഗമിക്കുമ്പോൾ യേശുവല്ലാത്ത ചില കാര്യങ്ങൾക്കായി എന്റെ മനസ്സു തുടിക്കുന്നുണ്ടോ? ശരിയായ നിയോഗത്തോടുകൂടെയാണോ ഞാൻ യേശുവിനെ അനുഗമിക്കുന്നത്? ദൈവത്തെ തേടുന്നതിലും യേശുവിനെ അനുഗമിക്കുന്നതിലും ദോഷകരമാകാവുന്ന മൂന്നു മനോഭാവങ്ങളുണ്ട്. ആദ്യത്തേത് പൊള്ളയായ പകിട്ട് അഥവാ പൊങ്ങച്ചമാണ്. പുറംമോടി.

മത്തായിയുടെ സുവിശേഷത്തിൽ യേശു നല്കുന്ന ഉപദേശങ്ങൾ നോക്കുക (മത്തായി 6:3-5, 16-17): നീ ധർമ്മദാനം ചെയ്യുമ്പോൾ നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ...വീണ്ടും, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക. അവസാനമായി, നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. നീ ഉപവസിക്കുമ്പോൾ ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. സ്വയം ഒരു പ്രദർശനവസ്തുവാക്കാൻ ആഗ്രഹിക്കുകയും മറ്റുള്ളവരെ കാണിക്കാൻവേണ്ടി മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുകയും ചെയ്തിരുന്ന മതനേതാക്കന്മാരോടാണു യേശു ഇതു പറഞ്ഞത്. ഇതുവേണ്ടാ. വേണ്ടാ. ഡംഭു കാണിക്കുന്നതു ശരിയല്ല എന്നു യേശു പറഞ്ഞു. ചിലപ്പോൾ നമ്മളും മറ്റുള്ളവരെ കാണിക്കാൻവേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നു. പക്ഷേ, ഓർക്കുക ഈ പൊങ്ങച്ചം അപകടകാരിയാണ്. കാരണം, അത് അഹന്തയിലേക്കു തെന്നിവീഴും. പിന്നെ എല്ലാം തീർന്നു.

അതിനാൽ നാം എപ്പോഴും നമ്മോടുതന്നെ ചോദിക്കണം: എന്തുകൊണ്ടാണു ഞാൻ ഇതു ചെയ്യുന്നത്? ഞാൻ ചെയ്യുന്ന നന്മകൾ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യുന്നോ അതോ രഹസ്യത്തിൽ ചെയ്യുന്നോ? മത നേതാക്കന്മാരോടാണ്, തലപ്പത്ത് ഇരിക്കുന്നവരോടാണ്, യേശു ഇതു പറഞ്ഞതെങ്കിൽ ഇതു നമ്മോട്, ഇടയന്മാരോടുതന്നെയാണു പറഞ്ഞത്. പൊങ്ങച്ചക്കാരനും പൊള്ളയായ പകിട്ടിൽ രമിക്കുന്നവനും കപടനാട്യക്കാരനുമായ ഇടയൻ ദൈവജനത്തിന് ഒരു ഗുണവും ചെയ്യില്ല. വളരെ ആഡംബരപൂർണ്ണമായ വസ്ത്രം ധരിക്കാനും ചമഞ്ഞുനടക്കാനും ഇഷ്ടപ്പെട്ടിരുന്ന മതനേതാക്കളെയാണു യേശു സംബോധന ചെയ്തു സംസാരിച്ചത്. ഇന്ന് അതു മെത്രാനോ വൈദികനോ ഇടയനോ സന്ന്യാസിയോ ആകാം.

ലൗകികമായ കയ്യടിയും സ്വീകാര്യതയും ലഭിക്കാനായി കാഴ്ചക്കൂത്തുകളും കെട്ടുകാഴ്ചകളും നടത്തുന്നവരാണോ നാം? ആരെ ബോധിപ്പിക്കാനാണു ഞാൻ ഇതു ചെയ്യുന്നത്? ജനങ്ങൾ ഇതേക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു ഞാൻ ആലോചിച്ചിട്ടുണ്ടോ? പൊള്ളയായ പകിട്ടിന്റെ പിന്നാലെ പോകുന്നവനും മനുഷ്യരുടെ പ്രീതി കിട്ടാനായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നവനും യേശുവിനെയല്ല അനുഗമിക്കുന്നത്.

രണ്ടാമത്തെ ദോഷം അധികാരത്തിനുവേണ്ടിയുള്ള മോഹമാണ്. അബോധമനസ്സിൽ അധികാരമോഹവുമായി യേശുവിനെ അനുഗമിക്കുന്നവരുണ്ട്. സ്സെബദിയുടെ പുത്രന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷ നോക്കുക. വാഗ്ദാനം ചെയ്യപ്പെട്ട രാജ്യത്തിൽ അധികാരക്കസേരകൾ കിട്ടാനായിരുന്നു അവരുടെ അപേക്ഷ. സഭയിൽ വളരെയധികം, വളരെയധികം, കയറ്റക്കാർ (climbers) ഉണ്ട്. ഉന്നതമായ സ്ഥാനങ്ങളിലെത്താൻ പരക്കം പാഞ്ഞു ഗൂഢമാർഗ്ഗങ്ങൾ തേടുന്നവർ! പദവികളുടെ കോണി കയറാൻ നടക്കുന്നവർ! ശരിയല്ലേ? മലകയറാൻ പോകുന്നതാണ് അവർക്കു നല്ലത്! അതു കുറെക്കൂടെ ആരോഗ്യത്തിനു നല്ലതാണ്! സ്ഥാനമാനങ്ങളുടെ കോണി കയറാൻ വേണ്ടി സഭയിലേക്കു വരരുത്.

അധികാരം തേടിനടക്കുന്നവരോടു യേശുവിനു പറയാനുള്ളത് ഇതാണ്: നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾ അറിയുന്നില്ല. ഇല്ല. നിങ്ങൾ അറി യുന്നില്ല. ശിഷ്യന്മാരുടെ ഇടയിലുണ്ടായിരുന്ന അധികാരമോഹം അവസാന നിമിഷംവരെ നിലനിന്നു. യേശു സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന നിമിഷം വരെ അതു നിലനിന്നു. രാജ്യം ഇപ്പോൾ വരും എന്ന് അവർ പ്രതീക്ഷിച്ചു. അവർ കർത്താവിനോടു ചോദിച്ചു: അധികാരത്തിന്റെ നിമിഷമായ രാജ്യം ഇപ്പോഴാണോ വരുന്നത്? പരിശുദ്ധാത്മാവ് അവരുടെമേൽ പറന്നിറങ്ങിയപ്പോഴാണ് അവർക്കു മാറ്റമുണ്ടായത്. എങ്കിലും നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ പാപം നിലനില്ക്കുന്നു. അതിനാൽ, നാം വീണ്ടും വീണ്ടും നമ്മോടുതന്നെ ചോദിക്കണം: ഞാൻ എന്തിനാണു യേശുവിനെ അനുഗമിക്കുന്നത്? അധികാരം കിട്ടാനും സഭയെ ഉപയോഗിച്ച്, ഇടവകയെ ഉപയോഗിച്ച്, രൂപതയെ ഉപയോഗിച്ച്, ചില അധികാരക്കസേരകളിൽ കുറച്ചു സമയം ഇരിക്കാനുമാണോ ഞാൻ യേശുവിനെ അനുഗമിക്കുന്നത്?

For more details 

https://www.youtube.com/watch?v=WuhpbKCpk-M&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=199 

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...