ഒരിക്കലും വിധിക്കരുത്; ഒരിക്കലും പരദൂഷണം പറയരുത്. ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 4: 32-37,  യോഹന്നാൻ 3: 7-15 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“ക്രിസ്തീയ സമൂഹങ്ങളിലേക്കു  ആത്മാവു സമാധാനം കൊണ്ടുവരട്ടേ.  ശാന്തശീലം പാലിക്കാനും ആരെക്കുറിച്ചും ദോഷം പറയാതിരിക്കാനും അവരെ പഠിപ്പിക്കുകയും ചെയ്യട്ടേ.  സഭയുടെ ആദ്യവർഷത്തിൽ ആദിമക്രൈസ്തവ സമൂഹം എന്തായിരുന്നുവോ അത് ഇന്നും ക്രൈസ്തവ സമുദായങ്ങൾക്ക് കവച്ചുവെക്കാൻ കഴിഞ്ഞിട്ടില്ലാത്തതും  പിന്നിലാക്കാൻ ഒരിക്കലും കഴിയാത്തതുമായ മാതൃകയാണ്: അവർ ഒരു ഹൃദയവും ഒരു മനസ്സുമായിരുന്നു.

നവജീവനിലേക്കു  അവരെ വീണ്ടും ജനിപ്പിച്ച ആത്മാവിന്റെ  സഹായമുണ്ടായിരുന്നതു കൊണ്ടാണ് അവർ അങ്ങനെ ഐക്യതയിൽ  ജീവിച്ചത്. യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണത്തിൽനിന്ന് നാം ഗ്രഹിക്കുന്നതുപോലെ,  "വീണ്ടും ജനിക്കുന്നത്" എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാൻ നിക്കോദേമൂസിന് ആദ്യം കഴിഞ്ഞില്ല.

"വീണ്ടും" എന്ന വാക്ക് വിരൽചൂണ്ടുന്നത് പരിശുദ്ധാത്മാവിലേക്കാണ്.   ആത്മാവിൽനിന്നു ജനിക്കുന്നതാണ് വീണ്ടും ജനനം. മാമോദീസയിൽ നാം സ്വീകരിച്ച പുതിയ ജീവിതമാണ് വീണ്ടും ജനനം.

വികസിച്ചു പുരോഗമിക്കേണ്ട  ജീവനാണത്. അത് അനുക്തസിദ്ധമായി l   കിട്ടുന്നതല്ല. (It does not come automatically). നമ്മുടെ ജീവിതം പുതിയ ജീവിതമായി വികസിച്ചു പുരോഗമിക്കേണ്ടതിനു  നമ്മെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യണം.

ദുഷ്ക്കരമായ യാത്രയാണത്. ആത്മാവിന്റെ സഹായത്തിൽ മാത്രം ആശ്രയിച്ചുനിൽക്കുന്ന പ്രയാണമാണത്. ആത്മാവിന്റെ  നിശ്വസനത്തിന് സ്വയം തുറന്നുകൊടുക്കാനുള്ള കഴിവിനെ ആശ്രയിച്ചുമാണ് ആ സഞ്ചാരം സാധ്യമാകുന്നത്. ആദിമക്രൈസ്തവർക്ക് സംഭവിച്ചത് ഇതാണ്.

അവർക്ക് പുതിയ ജീവിതമുണ്ടായി. ഒരു ഹൃദയവും ഒരു മനസ്സുമായി ജീവിക്കുന്നതിൽ അവർ അത് പ്രകാശിപ്പിച്ചു. ഐക്യത, ഏകാഭിപ്രായം,  സ്നേഹത്തിന്റെ ഭാവ തീവ്രതയുടെ ലയവും താളവും, തമ്മിൽ തമ്മിലുള്ള അന്യോന്യ മമത ഇവയെല്ലാം അവർക്കുണ്ടായിരുന്നു.

ഈ ഹൃദയാകാശം നാം ഇന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണമായി,  സമുദായത്തിനുള്ളിലുണ്ടായിരിക്കേണ്ട ശാന്തതയും സൗമ്യതയും ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുകയാണ്. അല്ലേ?  ശാന്തശീലത്തിനു പല ശത്രുക്കളുണ്ട്. അവയിൽ ആദ്യത്തേത് പരദൂഷണമാണ്.

പരദൂഷണം പറയാൻ നാം തീരുമാനിക്കുമ്പോൾ,  മറ്റുള്ളവരെക്കുറിച്ച് അപവാദവും ദോഷവും പ്രചരിപ്പിക്കാൻ ഒരുങ്ങുമ്പോൾ,  മറ്റുള്ളവരെ അടിച്ചിരുത്താൻ ശ്രമിക്കുമ്പോൾ - ഇത്തരം കാര്യങ്ങളിലൂടെ നാം എല്ലാ ദിവസവും കടന്നുപോകുന്നു.

എല്ലാവർക്കും, എനിക്കും,  ഇത് സംഭവിക്കുന്നു. ദുഷ്ടന്റെ പ്രലോഭന- പരീക്ഷണങ്ങളാണ് ഇത്. ആത്മാവ് നമ്മിലേക്ക് വരുന്നതോ  അവന്റെ സമാധാനം നമ്മിൽ സൃഷ്ടിക്കുന്നതോ ക്രൈസ്തവ സമുദായങ്ങളിൽ ശാന്തത നിലനിൽക്കുന്നതോ ഇഷ്ടമില്ലാത്ത ദുഷ്ടന്റെ  കെണിയാണ് പരദൂഷണം.

ഇത്തരം പോരാട്ടങ്ങൾ എപ്പോഴുമുണ്ട്. എവിടെയുമുണ്ട്. ഇടവകകളിൽ,  കുടുംബങ്ങളിൽ, അയൽപക്കത്ത്, സ്നേഹിതന്മാരുടെ ഇടയിൽ. പരദൂഷണം സാന്നിധ്യമറിയിക്കുമ്പോൾ പിന്നെ അത് നവജീവിതമാകുമോ? ആത്മാവ് നമ്മിലേക്ക് വരുമ്പോൾ,  പുതിയ ജീവിതത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോൾ, അവൻ നമ്മെ ശാന്തശീലരും മറ്റുള്ളവരോട് പരിഗണനയുള്ളവരുമാക്കുന്നു.

ക്രൈസ്തവർക്കുണ്ടായിരിക്കേണ്ട ശരിയായ പെരുമാറ്റരീതി ഇതാണ്: ആദ്യമായി, ആരെയും വിധിക്കാതിരിക്കുക. കർത്താവ് മാത്രമാണ് വിധികർത്താവ്. രണ്ടാമതായി, കെട്ടിപ്പൂട്ടുക (വായ്  കെട്ടിപ്പൂട്ടുക). എന്തെങ്കിലും പറയാനുണ്ടെങ്കിൽ, അത് ബന്ധപ്പെട്ട ആളോട് മാത്രം പറയുക.

തിരുത്താൻ കഴിയുന്ന ആളോട് പറയുന്നതല്ലേ നല്ലത്? അല്ലാതെ,  അയൽപക്കത്ത് മുഴുവൻ അത് വിളമ്പിയിട്ട് എന്ത് കാര്യം? ആത്മാവിന്റെ തുണയിൽ പരദൂഷണം ഒഴിവാക്കാൻ നമുക്ക് കഴിഞ്ഞാൽ അത് വലിയൊരു ചുവടുവയ്പ്പായിരിക്കും.  അത് എല്ലാവർക്കും നന്മ വരുത്തും.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=Z3BNZMWbUQY&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=10 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...